ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട, കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ പോയ പദ്ധതികളുടെ കൂട്ടത്തിലുള്ള എം.സി.എഫ് കെട്ടിട നിർമ്മാണം പോലും ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ചു.


കേരള സംസ്ഥാനത്ത് സ്വന്തമായി എം സി എഫ് കെട്ടിടമില്ലാത്ത അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നാണ് ആയഞ്ചേരി. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ 69 ലക്ഷം രൂപ എം.സി.എഫ് കെട്ടിട നിർമ്മാണത്തിന് മാറ്റിവെച്ചെങ്കിലും തുടങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം പദ്ധതി നിർവ്വഹണത്തിൽ ആയഞ്ചേരി സംസ്ഥാനത്ത് 836-ാം സ്ഥാനത്തായിരുന്നു.
സ്വന്തമായ് എം.സിഎഫ് കെട്ടിടമില്ലാത്തതിനാൽ ഹരിത കർമ്മസേന വീടുകളിൽ നിന്നും, കടകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൂട്ടിയിടുന്നത് ആരോഗ്യപ്രശ്നമായ് മാറുകയാണ്. കേരളം മാലിന്യ മുക്ത മാക്കാനുള്ള പ്രയത്‌നത്തിൽ ആയഞ്ചേരി പഞ്ചായത്ത് ഒരു അപവാദമാകുമ്പോൾ സ്പിൽ ഓവർ പദ്ധതിയിൽ നിന്ന് എം.സി എഫ് കെട്ടിട നിർമ്മാണ ഫണ്ട് ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് എൽ ഡി എഫ് ആരോപിച്ചു.
എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിലെ പല പ്രവൃത്തികളും സ്പിൽ ഓവർ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതും തികഞ്ഞ വിവേചനപരമാണെന്ന് എൽ ഡി എഫ് മെമ്പർമാർ നൽകിയ വിയോജന കുറിപ്പിൽ ആരോപിച്ചു
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സുധസുരേഷ് അധ്യക്ഷം വഹിച്ചു. ടി സജിത്ത്, പ്രബിത അണിയോത്ത്, ശ്രീലത എൻ പി , പി രവീന്ദ്രൻ,ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു.
MCF building construction excluded from the project LDF boycotts governing body meeting